Image

ആലപ്പുഴ ബൈപ്പാസ് 28ന് നാടിന് സമര്‍പ്പിക്കും

Published on 21 January, 2021
ആലപ്പുഴ ബൈപ്പാസ് 28ന് നാടിന് സമര്‍പ്പിക്കും
ആലപ്പുഴ: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നു. 28-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ബൈപ്പാസ് നാടിന് സമര്‍പ്പിക്കും. 

പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, ധനമന്ത്രി തോമസ് ഐസക്, എന്നിവര്‍ സംബന്ധിക്കും. സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ ആലപ്പുഴ എം.പി എ.എം.ആരിഫ് തുടങ്ങിയവര്‍ സന്നിഹതരായിരിക്കും.

വിശദമായ പരിപാടി കേന്ദ്ര സര്‍ക്കാരുമായി കൂടി ആലോചിച്ച്‌ താമസിക്കാതെ പ്രസിദ്ധീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. കഴിഞ്ഞ നവംബര്‍ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് താത്പര്യം പ്രകടിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കത്ത് വന്നിരുന്നു. 2 മാസം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കാത്തിരുന്നു.

 ഇപ്പോള്‍ പ്രധാനമന്ത്രിക്ക് അസൗകര്യമായതിനാല്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയാണ് സമര്‍പ്പണത്തിന് എത്തുന്നത്. 6.8 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ആലപ്പുഴ ബൈപ്പാസ്. അതില്‍ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. ബീച്ചിന്‍റെ മുകളില്‍ കൂടി പോകുന്ന ആദ്യത്തെ മേല്‍പ്പാലം. 

 ഇപ്പോള്‍ 408 വിളക്കുകള്‍ ഉണ്ട്. അവ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതാണ്.

കേന്ദ്ര സര്‍ക്കാര്‍ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി അങ്ങനെ 344 കോടിയാണ് ആകെ അടങ്കല്‍. കൂടാതെ റെയില്‍വേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 7 കോടി കെട്ടിവെച്ചു. 

 സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടിക്ക് പുറമെ 25 കോടി ചെലവഴിച്ചു. നിര്‍മ്മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക