Image

നാടകാന്തം (കഥ: രമണി അമ്മാൾ)

Published on 20 January, 2021
നാടകാന്തം (കഥ: രമണി അമ്മാൾ)
അങ്ങനെ, 
ഈ വർഷത്തെ
സ്പോർട്ട്സ് & ഗെയ്മ്സ് മത്സരങ്ങൾ കഴിഞ്ഞു. 
സാഹിത്യ മത്സരങ്ങൾ  നടന്നുകൊണ്ടിരിക്കുന്നു...
ഇനി നടക്കാനുളളത് കലാമത്സരങ്ങളാണ്..
പാട്ടും, ഡാൻസും, നാടകവുമൊക്കെയായി ഒരുപാട് ഐറ്റംസുണ്ട്...individual ആയിട്ടും  group ആയിട്ടും. ..
ഒരു ജില്ലയിൽ നിന്ന് ഒരു നാടകമേ സംസ്ഥാനതല മത്സരത്തിന് വിടൂ.. 
അതിനുമുൻപ് 
ജില്ലാതല സെലക്ഷൻ നടക്കണം...

ഒരു ഡാൻസ്മാസ്റ്ററുടെ അംഗവിക്ഷേപങ്ങളോടെ നടക്കുകയും   സംസാരിക്കുകയും ചെയ്യുന്ന,   അവിവാഹിതനായ, മദ്ധ്യവയസ്ക്കൻ  ജനാർദ്ദനൻ സാറിനാണ് 
ഇത്തവണത്തെ കൾച്ചറൽ പ്രോഗ്രാമിന്റെ മുഴുവൻ ചാർജ്ജും......
അഭിനയയോഗ്യമായ 
ഒന്നുരണ്ടു നല്ല നാടകങ്ങൾ സജസ്റ്റുചെയ്തിട്ടും,
സേതുനാഥിന്റെ
"നർത്തകി" 
എന്ന നാടകം മതിയെന്ന്
സാറിന് ഒരേ നിർബന്ധം..
നാടകത്തിൽ ഒരു അഞ്ചുവയസ്സുകാരിയുടെ
റോളുണ്ട്..
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അരവിന്ദൻസാറിന്റെ മകൾ, അവന്തികയേക്കൊണ്ട്  ആ വേഷം ചെയ്യിപ്പിക്കണം.
ആ കുട്ടി രണ്ടു മൂന്നു സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
സിനിമയിലെ ബാലതാരം
നാടകത്തിൽ
അഭിനയിക്കുന്നുണ്ടെന്നു 
പറയാമല്ലോ..
അരവിന്ദൻ സാർ 
ഇക്കാര്യം അറിഞ്ഞിട്ടുകൂടിയു
ണ്ടാവില്ല. 

ജില്ലയിൽത്തന്നെ പലയിടങ്ങളിലായി ജോലി ചെയ്യുന്നവരിൽ,  അഭിനയിക്കാൻ താല്പര്യമുളളവരോട്,    ഡിവിഷനോഫീസിൽ
ഹാജരാകാൻ
പറഞ്ഞിട്ടുണ്ട്..

ജബ്ബാറും, സോമൻസാറുമൊക്കെ പോകാൻ കച്ചകെട്ടിയിരിക്കുന്നു..
നാടകത്തിന്റെ പേരും പറഞ്ഞ് ഓഫീസീന്നു മുങ്ങുകയുമാവാം...

നർത്തകിയായിട്ട്
അഭിനയിക്കാൻ
ഇരുപത്തിയഞ്ചു വയസ്സിൽ താഴെയുളള ഒരാളു വേണം..
കാണാൻ തരക്കേടില്ലാത്തതായിരിക്കണം, 
അല്പം ഡാൻസുകൂടി  അറിഞ്ഞിരുന്നാൽ നന്ന്....
അഭിനയം അവരു പഠിപ്പിച്ചുകൊളളും...

ജബ്ബാറു ചോദിച്ചു...

"താനും കൂടിവാടോ.. ..
പ്രായംകൊണ്ടു കറക്ടാ,  രൂപംകൊണ്ടും ഒപ്പിക്കാം..
കയ്യിലിരിപ്പുമൊത്തം അഭിനയമാണുതാനും..".
നമ്മുടെ അരവിന്ദൻ സാറുമുണ്ട്
സെലക്ഷൻ കമ്മറ്റിയിൽ..
ഒരു നർത്തകിയാവാനുളള ചാൻസാണ്..
ഇല്ലാതാക്കേണ്ട..

"ഞാനോ..?. ഏയ്.."

ഒരു കലയും  ഗുരുമുഖത്തുനിന്നും  അഭ്യസിച്ചിട്ടില്ല...ഞാൻ..
പാടുമോന്നു ചോദിച്ചാൽ
സിനിമാപ്പാട്ടൊക്കെ  
ചുമ്മാ മൂളും.. 
ആടുമോന്നു ചോദിച്ചാൽ പാട്ടിന്റെ താളത്തിനൊപ്പിച്ചു തുളളും..
പാരമ്പര്യമായിട്ട് അല്പം സംഗീതവാസന കണ്ടേക്കാം...  
അമ്മയുടെ അച്ഛൻ ഭാഗവതരായിരുന്നതുകൊണ്ട്.
അദ്ധേഹത്തിന്റെ  ചരിതങ്ങൾ   കേട്ടിട്ടേയുളളു...
ആളെ കാണാനുളള ഭാഗ്യമോ നിർഭാഗ്യമോ ഉണ്ടായില്ല.
"നിന്റെ തലവെട്ടം കണ്ടപ്പോഴേ അങ്ങേരങ്ങു
പോയി.." 
ഞാനേതാണ്ടു തെറ്റുചെയ്തതുപോലെ
അമ്മൂമ്മ  കുറ്റപ്പെടുത്താറുണ്ടായിരുന്നു..
ഭാഗവതരുടെ ഇളേയാള്
ബാലേ ട്രൂപ്പിലൊക്കെ അംഗമായിരുന്നെന്ന്...
അതും കേട്ടറിവാണ്..
പുളളിക്കാരൻ ആര്യങ്കാവുതോട്ടത്തിലെവിടെയോവച്ച് ഗുമസ്ഥപ്പണിയിലിരിക്കെ 
ഹൃദയസ്പന്ദനം വന്നു മരിച്ചു....
ഒരു കുടുംബം കെട്ടിപ്പടുക്കുംമുൻപ്..
പിന്നെ,
അമ്മയുടെ ഒരേയൊരു കൂടപ്പിറപ്പ്..
ആർട്ടിസ്റ്റ് ശിവൻകുട്ടി...
നല്ല ഒന്നാന്തരം പടംവരപ്പുകാരനായിരുന്നു.
അവസാനം 
ടൗണിലൊരു  സ്റ്റുഡിയോയുമിട്ടു വരപ്പ് ക്യാമറക്കണ്ണിലൂടെയാക്കി. 
.."ശ്യാമളാലയം സ്റ്റുഡിയോ." 
ഇപ്പോഴും താവഴി ശേഷിപ്പായി  അവിടെയുണ്ടെന്നാണറിവ്..ചുരുക്കിപ്പറഞ്ഞാൽ എന്നിലും  കലാപാരമ്പര്യം കണ്ടേക്കാമെന്ന്..!  

എല്ലാരും കൂടി എന്നെയങ്ങു നിർബന്ധിച്ചപ്പോൾ
വെറുതെ ഒന്നു പോയിനോക്കാമെന്നുവച്ചു..
                ആണും
പെണ്ണുമായി,
പത്തു കഥാപാത്രങ്ങളേ 
"നർത്തകി" എന്ന നാടകത്തിലുളളൂ.. 
ഇരുപതുപേരോളം അഭിനയമോഹവുമായി
എത്തിയിട്ടുണ്ടായിരുന്നു...
നാടകത്തിലെ സംഭാഷണങ്ങൾ  അഭിനയിച്ചു കാണിക്കണം....
മറ്റുളളവരുടെ മുന്നിൽവച്ച്..
അഭിനയമാണെന്നു തോന്നാതെ 
അഭിനയിച്ചുകാണിച്ചു..
ഞാനിങ്ങു തിരിച്ചോഫീസിലും വന്നു..

ജബ്ബാറു വിളിച്ചു,
നർത്തകിയുടെ
റോൾ എനിക്കുതന്നെയെന്ന്.

അടുപ്പിച്ചൊരു പത്തു ദിവസത്തെ റിഹേഴ്സലുണ്ട്....
രാവിലെ താമസസ്ഥലത്തേക്കു വണ്ടി വിടും...
ഡ്യൂട്ടീലീവും കിട്ടും .....
ഇനി വീട്ടുകാരുടെ അനുമതികൂടിയേ വേണ്ടൂ.. "ഞാൻ പറഞ്ഞോളാം ആശേടെ വീട്ടിൽ.. ഞാനുംകൂടി നാടകത്തിൽ അഭിനയിക്കുന്നുണ്ടെന്നങ്ങു പറഞ്ഞാൽ തീർച്ചയായും വിടും.."
രാജമ്മ മാം...

      ഏതോ  പൊതുവേദിയിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ നർത്തകിയുടെ വേഷഭൂഷാദികളൊടെ പുറപ്പെടാൻ തുടങ്ങുന്ന സീനും, 
നൃത്തം കഴിഞ്ഞ്, അതേ വേഷത്തിൽ തിരികെയെത്തുന്ന
സീനുമേ  നൃത്തത്തിന്റേതായി നാടകത്തിലുളളൂ..

       നർത്തകിയെ 
കൂടാതെ അവരുടെ
അച്ഛനും,. അമ്മയും...
കൊച്ചച്ഛനും, ചിറ്റയും, അവരുടെ അഞ്ചു വയസ്സുകാരി മകളും...
ഒരേ ഓഫീസിൽ ഒന്നിച്ചു ജോലിചെയ്യുന്ന
ഗോപാലകൃഷ്ണൻസാറും, ഭാര്യയും, അവരുടെ  മകളുംകൂടി ഈ റോളുകൾ കൈകാര്യം ചെയ്തോളും..
.
.പിന്നെയുളളത് 
നർത്തകിയുടെ കാമുകനാണ്..
ആയിടെ ജോലിക്കുകയറിയ സുമുഖനായ മെലിഞ്ഞ ചെറുപ്പക്കാരൻ..
അഭിനയം വലിയ കുഴപ്പമില്ല.. തൊട്ടഭിനയിക്കാൻ
നാണം..!
           ഏതോ പുതിയ സിനിമയിലഭിനയിപ്പിക്കുന്ന തിരക്കുകാരണം അരവിന്ദൻസാറിന്റെ മകൾ നാടകത്തിനില്ലെന്ന് 
അറിയിച്ചിരുന്നു..

           എന്റെ അഭിനയം, കുഴപ്പമില്ലെന്ന് ജബ്ബാറു പറഞ്ഞപ്പോൾ ധൈര്യമായി..

        അഞ്ചു ദിവസങ്ങളിലായി അഞ്ചു നാടകങ്ങൾ മത്സരത്തിനായുണ്ട്..
ഏറ്റവും നല്ലതെന്ന് ജഡ്ജസ് വിധിയെഴുതുന്ന നാടകം സംസ്ഥാനതലത്തിലെത്തും.. 
നർത്തകിയാണ് 
ആദ്യത്തെ ദിവസം.. 
തിങ്ങിനിറഞ്ഞ ആഡിറ്റോറിയം...
വീട്ടുകാരൊക്കെ വന്ന് 
മുൻ നിരയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്..
എന്റെ, അരങ്ങിലെ അഭിനയം കാണാൻ..
"ഈ അഭിനയം
സിനിമയിലായിരുന്നെങ്കിൽ ഉർവ്വശി അവാർഡുറപ്പ്"  സഹപ്രവർത്തകരുടെ കളിയാക്കൽ....

        ഡാൻസ് പ്രോഗ്രാം കഴിഞ്ഞു കയറിവരുന്ന നർത്തകിയോട്. യഥാര്‍ത്ഥ അച്ഛനായ
കൊച്ചച്ഛൻ ചോദിക്കും..
"രാത്രിയും പകലുമില്ലാതെ നീയിങ്ങനെ ആടാൻ നടന്നോ..
ഒപ്പം അവനുമുണ്ടല്ലോ..
അവശ കാമുകൻ ബുദ്ധിജീവി....
മേലാൽ, എന്റെ അനുവാദമില്ലാതെ പ്രോഗ്രാമിനെന്നും പറഞ്ഞ് ഈ വീടിനു പുറത്തേക്കിറങ്ങിപ്പോകരുത്.."

"അതുപറയാൻ കൊച്ചച്ഛനെന്തവകാശം..?
എനിക്കെന്റെ അച്ഛന്റെ അനുവാദം മതി..."
പറഞ്ഞുതീരുംമുൻപ്
നർത്തകിയുടെ
കവിളത്ത് ചിറ്റപ്പന്റെ കൈപ്പടം ആഞ്ഞു പതിയണം... 
കയ്യ്, മുഖത്ത് കൊണ്ടൂ കൊണ്ടില്ലെന്നമട്ടിലേ
ആകാവൂ.. 
അടിയുടെ ഒച്ച ബാക്ക്ഗ്രൗണ്ടിൽ കേൾപ്പിച്ചോളും....
റിഹേഴ്സൽ 
സമയങ്ങളിൽ വെറും ആംഗ്യം  മാത്രമായിരുന്നു..

         ചെന്നിയിൽനിന്നു പൊന്നീച്ച പറക്കുന്ന  ശക്തമായ അടിയാണു കവിളത്തുവന്നു വീണത്....
നാടകം കണ്ടുകൊണ്ടിരുന്ന വർ  അയ്യോ..എന്നു വിളിച്ചുപോയ അടി..
അഭിനയം റിയൽ.. 

കർട്ടൻ വീണുകഴിഞ്ഞിട്ടും
ഒട്ടുനേരം കവിളും തടവിക്കൊണ്ട് കുറ്റിയടിച്ചപോലെ നിന്നുപോയി..
കൊച്ചച്ഛൻ അടുത്തു  വന്നു സോറി പറഞ്ഞു.. 
"ഇടതു വശത്തൂടെ വരേണ്ടതായിരുന്നു...
വന്നതു
വലതുവശത്തൂടെയായിപ്പോയി"
ദിശമാറി വീശിയ ഊക്കൻ
കാറ്റ്...
"ആശയുടെ പല്ലൊന്നെണ്ണിക്കേ...
തറയിൽ നോക്കിയാലും മതി"...
അച്ഛനായഭിനയിച്ച  കൈമൾ സാറിന്റെ ഫലിതം..
മേയ്ക്കപ്പെല്ലാമഴിച്ച്
ഇറങ്ങിവന്നപ്പോൾ . ..
"നല്ലയൊരടിയാണല്ലോ..ചെളളയ്ക്ക് കിട്ടിയത്..!
ഒരടിയുടെ ആവശ്യമുണ്ടായിരുന്നു നിനക്ക്..
ഒരു നാടകവും കൂത്തും...
എവിടെ ....നിന്റെ
രാജമ്മ മാം..
നാടകത്തിലുണ്ടെന്നു
പറഞ്ഞിട്ട്.. 
അണിയറേലാവും..?
ഞാൻ വരുന്നില്ലെന്നു വിചാരിച്ചതാ..
നാലുമണിയാവുമ്പോൾ
വണ്ടി അയയ്ക്കുമെന്ന്..
അരവിന്ദൻസാർ  വിളിച്ചപ്പോൾ വരുന്നില്ലെന്നു പറയാൻ തോന്നിയില്ല..."
അമ്മയുടെ ശകാരവും കുറ്റപ്പെടുത്തലും..
വലതു കവിൾത്തടം വിങ്ങുന്നുണ്ട്..അല്പം തടിച്ചിട്ടുമുണ്ട്. 
 
       "നർത്തകി" എന്ന നാടകമാണ് അടുത്ത മത്സരത്തിനായി
തിരഞ്ഞെടുക്കപ്പെട്ടത്. 

"ഇത്തവണ ആശ, മറ്റേക്കവിളു കാണിച്ചുകൊടുക്കണേ.."സഹപ്രവർത്തകർക്കു ചിരിക്കാനൊരു വിഷയം കൂടി..

അഭിനയത്തിന്റെ മേമ്പൊടിപോലും വശമില്ലാതെ അഭിനയിച്ച
എനിക്ക്
നല്ലനടിക്കുളള സമ്മാനവും..  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക