Image

വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)

Published on 19 January, 2021
വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)
ഡിസ്‌നി വേൾഡിനും യൂണിവേഴ്‌സൽ സ്റുഡിയോക്കും പേരുകേട്ട സ്ഥലമാണ് ഫ്ലോറിഡയിലെ ഒർലാണ്ടോ. വിനോദസഞ്ചാരികളുടെ പറുദീസയിൽ കിർക്ക്മാൻ റോഡിലെ മുപ്പതു കോഫീ ഷോപ്പുകളിൽ  ഒന്ന് മാത്രമാണ് "മിസ്സിസ് പൊട്ടേറ്റോ റെസ്റ്റോറന്റ്". ബ്രസിലിയൻ--അമേരിക്കൻ പൊട്ടേറ്റോ ഫ്യൂഷൻ വിഭവങ്ങൾക്ക് പേരുകേട്ടത്. പുറമെ ചെറുതെങ്കിലും ഉള്ളിൽ നല്ല വിസ്താരം.  

സിബിഎസ് ഈവനിങ് ന്യൂസിൽ ബൈഡൻ--കമല ടീമിന്റെ സ്ഥാനാരോഹണത്തിനുള്ള വൻ സന്നാഹങ്ങൾ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ കയറി വരുന്നു ഈ പൊട്ടേറ്റോ റെസ്റ്റോറന്റ്. അതിഥികളിൽ  ഒരു കൗമാരക്കാരന്റെ കയ്യിലും കഴുത്തിലും രക്തം കിനിയുന്ന മുറിപ്പാടുകൾ കണ്ടപ്പോൾ മാനേജർ ചെറിയൊരു കടലാസിൽ  "നിനക്ക് സഹായം വേണോ?" എന്നെഴുതി ആരും കാണാതെ അവനെ കാണിച്ചു. വേണമെന്നു പയ്യൻ ആംഗ്യം കാണിച്ചതോടെ മാനേജർ പോലീസിനെ വിളിച്ചു.

പോലീസ് പാഞ്ഞെത്തി പയ്യന്റെ രണ്ടാനച്ഛനെയും അമ്മയെയും അറസ്റ് ചെയ്തു കൊണ്ട് പോയി എന്നാണ് വാർത്ത. എല്ലാ ചാനലുകളിലും ദേശീയ വാർത്തയാകത്തക്ക വിധം സംഭവം പുറത്താവുകയും ചെയ്തു. പൊട്ടേറ്റോ റെസ്റ്റോറന്റ് ലോക പ്രസിദ്ധമായി. 'ട്രിപ്പ് അഡ്വൈസറി'ൽ പരതിയപ്പോൾ ഉരുളക്കിഴങ്ങു കൊണ്ടുള്ള നിരവധി വിഭവങ്ങൾ രുചികരമായി നൽകുന്ന ഒന്നാംതരം റെസ്റ്റോറന്റ് എന്നു സാക്ഷ്യപത്രവും കണ്ടു. ഇനി പോകുമ്പോൾ അവിടെ കയറണം.

ഒരു കുടുംബത്തിനുള്ളിലെ അരക്ഷിതാവസ്ഥയെക്കുറിച്ച് ഇരെയേറെ ആകുലപ്പെടുന്ന അമേരിക്കൻ ഭരണ  സംവിധാനത്തിനു എന്തുകൊണ്ട് വാഷിംഗ്ടണിൽ സുരക്ഷാ ഒരുക്കാൻ കഴിഞ്ഞില്ല എന്ന് വിസ്മയം പൂണ്ടിരിക്കുമ്പോൾ ന്യുയോർക്കിൽ നിന്ന് അപ്രതീക്ഷമായി ജോസ്‌കുട്ടിയുടെ വിളി വന്നു. "എങ്ങനുണ്ട് നാട്ടിലെ വിവരങ്ങൾ? സുഖമാണോ?"

പാലാക്കാർ തടിമിടുക്ക് ഉള്ളവരും ഏതിനും പോരുന്നവരുമാണെന്നാണ് പണ്ടുമുതലേ കേൾവി. നിങ്ങൾ അവിടുള്ളപ്പോൾ വാഷിങ്ങ്ടണിൽ ഇതെങ്ങനെ നടക്കുന്നു എന്ന് ചോദിക്കാനാണ് ആദ്യം തോന്നിയത്. ജോസുകുട്ടി ഒരു കാർഷിക ശാസ്ത്രജ്ഞനായതിനാൽ ചോദ്യത്തിന് പ്രസക്തി ഇല്ലാതായി.

പാലാക്കടുത്ത് പള്ളിക്കത്തോടിന് സമീപം ആനിക്കാട് തെനിയപ്ലാക്കൽ ഡോ. ടിഎ ജോസഫ് ഊട്ടിയിൽ സെൻട്രൽ പൊട്ടേറ്റോ റിസർച് സ്റ്റേഷനിൽ പ്രിൻസിപ്പൽ സയന്റിസ്റ് ആയിരുന്നു. റിട്ടയർ ചെയ്ത ശേഷം ഭാര്യ ലില്ലിക്കുട്ടിയോടൊപ്പം ന്യുയോർക്കിലുള്ള മകൾ അനുവിനോടും ബാൾട്ടിമോറിലുള്ള മകൾ മിനുവിനോടുമൊപ്പം മാറിമാറി കഴിയുന്നു.

ഉരുളക്കിഴങ്ങു ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനം ഇന്ത്യക്കും നാലാം സ്ഥാനം യുഎസിനും ആണ്. ചൈനയും റഷ്യൻ ഫെഡറേഷനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ. പൊട്ടേറ്റോ ഉൾപ്പെടുന്ന  ഫിഷ് ആൻഡ് ചിപ്സ് ലോകമാകെ ജനപ്രീതിനേടിയ വിഭവം ആണല്ലോ. ഉത്തരേന്ത്യയിൽ പൊട്ടേറ്റോ എന്നാൽ ആലു ആണ്. ആലു പറാത്തയും ആലു മട്ടറും ആലു ഗോബിയും ദം ആലുവും പ്രിയം. പെപ്സിയുടെ പാക്കറ്റ് വിഭവം ലേയ്സും ഉണ്ട്.

ഹിമാചൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പ്ലാന്റ് ബ്രീഡിങ്ങിൽ പിഎച്ച്ഡി നേടിയ ജോസ് ഷിംലയിലെ പൊട്ടേറ്റോ റിസർച് ഇൻസ്റ്റിറ്റിയൂട്ടിൽ സേവനം ആരംഭിച്ചു. നൈനിറ്റാൾ, കൊടൈക്കനാൽ സ്റ്റേഷനുകൾക്ക് ശേഷം വീണ്ടും ഷിംല. ഒടുവിൽ 12 വർഷം ഊട്ടിക്കടുത്ത് മൂത്തോറയിൽ പൊട്ടേറ്റോ റിസർച് സ്റ്റേഷൻ  മേധാവിയും പ്രിൻസിപ്പൽ സയന്റിസ്റ്റുമായി റിട്ടയർ ചെയ്തു.

രോഗപ്രതിരോധ ശക്തിയുള്ള കുഫ്‌റി ഗിരിരാജ്, കുഫ്‌റി ശൈലജ, കുഫ്‌റി ഹിമാലിനി, കുഫ്‌റി സൂര്യ, കുഫ്‌റി ഗിരിധരി, കുഫ്‌റി സഹ്യാദ്രി എന്നീ ഇനങ്ങൾ കണ്ടു പിടിച്ച ഗവേഷക സംഘത്തിൽ ജോസഫ് പ്രധാനി ആയിരുന്നു. കണ്ടുപിടുത്തം വിവരിക്കുന്ന ശാസ്ത്രീയ പ്രബന്ധങ്ങൾ പൊട്ടേറ്റോ ജേർണലുകളിൽ പ്രസിദ്ധീകരിച്ചതോടെ സാർവദേശീയ അംഗീകാരമായി.

പഞ്ചാബിലും ഹര്യാനയിലും ഉത്തർപ്രദേശിലും ബിഹാറിലും ഹിമാചലിലും മേഘാലയയിലും തമിഴ്‌നാട്ടിലും എല്ലാം ഉരുളക്കിഴങ്ങു വളരുന്നു. ഗവർമെന്റ് കൊണ്ടുവന്ന വ്യാപാര നിയന്ത്രണ നിയമങ്ങൾ ഉരുളക്കിഴങ്ങുകൃഷിക്കാരെയും ബാധിക്കും. അതിൽ ഉത്കണ്ഠാകുലനാണ്‌ ഡോ. ജോസഫ്..  

അതൊന്നുമല്ല ജോസിനെയും സഹോദരങ്ങളായ തെനിയപ്ലാക്കൽ അവിരാച്ചന്റെ എട്ടുമക്കളെയും വ്യത്യസ്തരാകുന്നത്. ഈ പാലാക്കാരും അവരുടെ മക്കളും മക്കളുടെ മക്കളുമായി ഒരു പടയുണ്ട് വൈറ്റ്ഹൗസിനു 25 മൈൽ ചുറ്റളവിൽ. മേരിലാന്റിലെ ബാൾട്ടിമോർ,  റോക് വിൽ,  പാർക്ക് വിൽ,    ബവി, എൽക്റിഡ്ജ് എന്നിവിടങ്ങളിലും കഴിയുന്നു. തെനിയപ്ലാക്കൽകാർ നോർത്ത് കരോലിനയിലെ ഷാർലറ്റിലും ന്യൂയോർക്ക് സ്റ്റേറ്റിൽ നാസകൗണ്ടിയിലെ ന്യൂ ഹൈഡ്പാർക്കിലുമുണ്ട്. കാനഡയിലും.

അവരിൽ തോമസ് എബ്രഹാം ആണ് വൈറ്റ് ഹൗസിനു ഏറ്റവും അടുത്ത് താമസിക്കുന്നത്. അരമണിക്കൂർ അകലെ റോക് വില്ലിൽ. കാപ്പിറ്റോൾ ഹില്ലിനു 500 മീറ്റർ അടുത്ത് കൊളംബിയ ഡിസ്ട്രിക്റ്റ് അപ്പീൽ കോർട്ടിൽ കേസ് മാനേജർമാരുടെ മേധാവിയായി സേവനം ചെയ്യുന്നു.

കാനഡയിലെ ടൊറന്റോയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ തോമസ് പൊളിറ്റിക്കൽ സയൻസിൽ എംഎ ആണ്. മേരിലാൻഡ് യൂണിവേഴ്‌സിറ്റിയിൽ പാരാ ലീഗൽ സ്റ്റഡീസിൽ ബിരുദാനന്തര യോഗ്യതയും നേടി. 25 വർഷമായി അപ്പീൽ കോർട്ടിൽ സേവനം തുടങ്ങിയിട്ട്.

ആദ്യകാലത്ത് ലഞ്ച്ബ്രെക്ക് സമയത്ത് നടന്നു കാപ്പിറ്റോൾഹില്ലിൽ  ഐഡി കാണിച്ച് കോൺഗ്രസ് ചേമ്പറും മ്യുസിയവും ഒക്കെ കണ്ടു മടങ്ങാൻ കഴിയുമായിരുന്നു. നെയൻ ഇലവനു ശേഷം സെക്യൂരിറ്റി കർശനമാക്കി. ഇപ്പോൾ അഞ്ചു മണിക്കൂർ എങ്കിലും വേണം കണ്ടു മടങ്ങാൻ. ജനുവരി ആറിന് ട്രംപ് അനുയായികൾ കാപിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ ദിവസം അവധി ആയിരുന്നതിനാൽ വീട്ടിലിരുന്നു ടിവിയിലൂടെ തത്സമയ സംപ്രേഷണം കണ്ടു.

മൂന്നാമൻ ഫിലിപ്പും എലിക്കുട്ടിയുമാണ് ആദ്യം അമേരിക്കയിൽ കാലു കുത്തിയത്. മൂത്ത ജേഷ്ടൻ എയർ ഫോഴ്സിൽ ജോലി ചെയ്തിരുന്ന ടിഎ മാത്യുസും ഭാര്യ മേരികുട്ടിയും രണ്ടാമത് എത്തി. അച്ചാമ്മ കാനഡക്കു പോയി. ലില്ലിക്കുട്ടി, തോമസ്, സെബാസ്റ്റിയൻ, റോസമ്മ, ലിസമ്മ, രാജൻ എന്നിവർ പിന്നാലെ. എൺപതെത്തിയ മാത്യൂസിന്റെയും മേരികുട്ടിയുടെയും വിവാഹ സുവർണ്ണ ജൂബിലിക്ക് എല്ലാവരും ഒത്തുകൂടി.
 
തെനിയപ്ളാക്കലെ പതിനാലു മക്കളിൽ രണ്ടുപേരൊഴികെ എല്ലാവരുടെയും വിദ്യാഭ്യാസം സ്‌കൂൾ ഫൈനലോ സെക്കണ്ടറി സ്‌കൂളോ നഴ്സിംഗ് ഡിപ്ലോമയോ ബിരുദമോ കൊണ്ട് അവസാനിച്ചെങ്കിലും രണ്ടാം തലമുറ മുന്നോട്ടു പോയി. ഡോക്ടർമാരും എൻജിനീയർമാരും ടെക്കികളുമുണ്ട്. അവരിൽ ഒരാൾ ബ്രിൻഡാ തോമസ്  കാർണഗി മെലൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി കാലിഫോർണിയയിലെ ഒരു  വൻ പെട്രോളിയം കമ്പനിയിൽ പ്രിൻസിപ്പൽ ഡേറ്റ സയന്റിസ്റ് ആണ്.

വല്യപ്പൻ മത്തായിയുടെ കാലത്ത് അമ്പതേക്കർ ഭൂമിയുണ്ടായിരുന്ന കുടുംബം ആണ് തെനിയപ്ലാക്കൽ. വീതംവച്ചപ്പോൾ തറവാട്ടിൽ താമസിക്കുന്ന ജോർജ്‌കുട്ടിക്കും ഭാര്യ മണിയങ്ങാട്ട് ആനിയമ്മക്കും കിട്ടി. അഞ്ചര ഏക്കർ. റബറിനു വിലയില്ലാത്തതിനാൽ അരയേക്കറിൽ പരീക്ഷണാർത്ഥം  മലവേപ്പ്‌ എന്ന കടുക്കാമരം വച്ചിരിക്കുന്നു. നാലുവർഷം കൊണ്ട് തെങ്ങോളം പൊക്കമായി. വെള്ളൂരിൽ ന്യൂസ്‌പ്രിന്റ് ഉണ്ടാക്കാൻ പറ്റിയ സോഫ്റ്റ് വുഡ് ആണ്.

വീടുപണിക്ക് മരം ഒട്ടും വേണ്ടെന്ന സ്ഥിതിയായിട്ടുണ്ട്. ചൈനയിൽ നിന്ന് പകരം ഉപയോഗിക്കാവുന്ന സ്റ്റീൽ കമ്പികളും റെഡിമേഡ് ഉപകരണങ്ങളും ഓടും എല്ലാം നാട്ടിലേക്കു പ്രവഹിക്കുന്നു. തന്മൂലം റബർ മരങ്ങൾക്കും തേക്കിനുമെല്ലാം വില ഇല്ലാതായിരിക്കുകയാണ്. ബൈഡൻ ഭരണകൂടം ചൈനയെ പിടിച്ചു നിർത്തണമെന്നാണ് ജോർജുകുട്ടിയുടെ അഭിപ്രായം.

ജോർജുകുട്ടി-ആനിയമ്മമാർ നാലഞ്ച് തവണ യുഎസിൽ പോയി വന്നു. രണ്ടു മക്കൾ പ്രിൻസിയും പ്രിൻസും നോർത്ത് കരോളിനയിലെ ഷാർലെറ്റിൽ ജോലി ചെയ്യുന്നു. പ്രിൻസി ബിഎസ്സി നേഴ്സ്, പ്രിൻസ് ഐറ്റിക്കാരനാണ്. ആമസോണിൽ ജോലി.


വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)
Join WhatsApp News
Sebastian Adukanil 2021-01-23 14:01:46
Good luck to all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക