Image

അറുത്തു മാറ്റാം അടുക്കള ( കവിത : ആൻസി സാജൻ )

Published on 18 January, 2021
അറുത്തു മാറ്റാം അടുക്കള ( കവിത : ആൻസി സാജൻ )
ഇനി മുതൽ
വീടുകൾക്ക് അടുക്കള വേണ്ട
അറുത്തു മാറ്റി
- പ്പുതുക്കിപ്പണിയാം
അല്ലെങ്കിൽ
അതപ്പടിയെടുത്ത്
പൂമുഖത്ത് വയ്ക്കാം
കയറി വരുന്നവർ വരുന്നവർ
വേണ്ടതെല്ലാം ചേർത്ത്
അവരവർക്കുള്ളത്
ഉണ്ടാക്കിയെടുത്തിട്ട്
സ്വന്തം മുറികളിൽ പോയിടട്ടെ
ഞാൻ മാത്രമീ ചേറ്റിലും ചെളിയിലും
കുതിർന്നുനി
- ന്നൂട്ടാനുമുറക്കാനും
വരില്ലിനി
ചോറുവച്ചതുണ്ട്
കറികൾ കടിച്ചു വലിച്ചു
ചവച്ചു തുപ്പിനിറച്ചത്
കോരിയെടുക്കാനു
- മിനിയില്ല ഞാൻ
അടുക്കള മുറിച്ചു മാറ്റുക
പെട്ടെന്ന് തുടങ്ങുക പണികൾ
അമ്മയെവിടെ
എന്ന് ചോദിച്ചു വരുന്നവർ
നേരെയെന്റെ മുറിയിൽ വരിക
അവിടെ ചാരുകസേരയിൽ ഞാനിരിക്കും
വന്നകാര്യം പറഞ്ഞു മടങ്ങുക..
വെക്കലും വിളമ്പലും
അടിക്കലും തുടയ്ക്കലുമായ് 
കൺതടത്തിൽ ഉറക്കമില്ലായ്മയുടെ
കറുത്ത കുഴികളുമായ്
ഉള്ളിൽ നിറയും പിറുപിറുക്കലുമായ്
ഇനിയീ അടുക്കളയുടെ
പരിസരങ്ങളിലെന്നെ കാത്തിടേണ്ട
കൊച്ചൊരു
വീട് വെക്കാൻ
കൊതിച്ചു നടന്നവർ നാം
നല്ലൊരടുക്കളയിൽ
തീപൂട്ടിയുള്ളത് വെന്തെടുത്ത്
തമ്മിൽ പകുത്തവർ നാം
ഇനിയടുക്കള വേണ്ടതില്ലെന്നോ..
ചാരത്ത് ചേർന്നുനിന്ന്
നിലാവ് കാണാൻ മോഹിച്ചവർ
പരസ്പരം ഊന്നുവടികളായവർ
പഴങ്കഥയും കവിതകളും പറയണ്ടയിനി
പണ്ടത്തെ ശീലങ്ങളും വേണ്ട
തെക്കോട്ടും വടക്കോട്ടും
പോകുന്ന നമുക്കിനി
ഒന്നിച്ചൊരു യാത്രയും വേണ്ട ...
എന്റെ വിശപ്പുകൾ ദാഹങ്ങൾ
നീയറിയേണ്ടതില്ല
നിന്റേത് ഞാനും
അന്തിക്ക് ചേക്കേറി
പുലർച്ചയിൽ
പല വഴി പോകേണ്ടവർ
 - മാത്രമെങ്കിലിനീ
ഒന്നിച്ചൊരടുക്കള മാത്രം
പങ്കുവെയ്ക്കേണ്ടതില്ല
- റുത്തു മാറ്റാം.
Join WhatsApp News
Rarima Sankarankutty 2021-01-18 09:49:13
കിടു
Renu sreevatsan 2021-01-19 15:02:15
എത്ര മനോഹരമായാണ് വരികൾ മെനഞ്ഞിരിക്കുന്നത്!!! superb
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക