Image

യൂറോപ്പില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു; നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നു

Published on 24 October, 2020
യൂറോപ്പില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു; നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നു
ലണ്ടന്‍: കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ പൂട്ടുവീഴുന്ന സ്ഥാപനങ്ങളുടെ എണ്ണം അനുദിനം കൂടിവരികയാണ്. യൂറോപ്പില്‍ ഓരോ ആഴ്ചയും തൊഴില്‍ രഹിതരായി മാറുന്നത് പതിനായിരങ്ങളാണ്. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങള്‍ നിരവധിയും. ബ്രിട്ടന്‍, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഇറ്റലി എന്നിവിടങ്ങളിലെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ ഗ്യാപ്പ് ഈ സമ്മറോടെ യൂറോപ്പിലെ എല്ലാ ഷോറൂമുകളും അടയ്ക്കാനുള്ള തീരുമാനത്തിലാണ്. യൂറോപ്പിലാകെ 129 ഷോറൂമുകളും നാനൂറിലേറെ ഫ്രാഞ്ചൈസികളുമുള്ള കമ്പനി ഹൈസ്ട്രീറ്റുകളില്‍നിന്നും അപ്രത്യക്ഷമാകുമ്പോള്‍ തൊഴില്‍ രഹിതരാകുന്നത് ആയിരക്കണക്കിന് ആളുകളാണ്.  ഷോറൂമുകള്‍ പൂട്ടിയാലും ഇ-കൊമേഴ്‌സിലൂടെ കമ്പനി നിലനില്‍ക്കും. നിലവിലെ സ്ഥിതിയില്‍ മേയ് മാസത്തോടെ കമ്പനി 740 മില്യണ്‍ പൗണ്ട് നഷ്ടത്തിലാകുമെന്നാണ് വിലയിരുത്തല്‍. ഇതാണ് ഷോറൂമുകള്‍ എല്ലാം അടയ്ക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.

ഗ്യാപ്പിനു പുറമേ വസ്ത്രവ്യാപാര നിര്‍മാണ മേഖലയിലെ പല വമ്പന്മാരും പ്രതിസന്ധിയില്‍ ആണെന്നാണ് വാര്‍ത്തകള്‍. അഡ്മിനിസ്‌ട്രേഷനിലേക്ക് നീങ്ങുന്ന എഡിന്‍ബറോ വൂളന്‍ മില്ലില്‍ 21,000 പേരുടെ ജോലിയാണ് തുലാസിലാടുന്നത്. ഓഗസ്റ്റ് മാസത്തോടെ ഏതാനും ഷോറൂമുകള്‍ പൂട്ടുമെന്നും ഇതിന്റെ ഭാഗമായി നിരവധി ജീവനക്കാരെ കുറയ്ക്കുമെന്നും ഡെബനാംസും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

1,700 പേരുടെ ജോലി ഇല്ലാതാക്കി ഡിഡബ്ല്യു സ്‌പോര്‍ട്‌സ് ഇപ്പോള്‍ തന്നെ അഡ്മിനിസ്‌ട്രേഷന്‍ നടപടികളിലാണ്. സ്‌കോട്ട്‌ലന്‍ഡ് ആസ്ഥാനമായുള്ള എം ആന്‍ഡ് കോ ക്ലോത്തിംങ് റീട്ടെയ്ലറു ലിക്യുഡേഷന്‍ നടപടികളിലാണ്. ഇവിടെ 400 പേര്‍ക്കാണ് ഇതിനകം ജോലി നഷ്ടപ്പെട്ടത്.

യറോപ്പില്‍ പ്രത്യേകിച്ച് ബ്രിട്ടനില്‍ ഏവിയേഷന്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, എന്റര്‍ടെയിന്റ്‌മെന്റ്, ടെക്‌സ്‌റ്റൈല്‍  മേഖലകളിലെ കമ്പനികളാണ് കോവിഡ് മൂലം ഏറെ പ്രതിസന്ധിയിലായതും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക