Image

കേരളത്തില്‍ സി ബി ഐയെ വിലക്കാനുള്ള നീക്കം മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന് ചെന്നിത്തല

Published on 24 October, 2020
കേരളത്തില്‍ സി ബി ഐയെ വിലക്കാനുള്ള നീക്കം മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന് ചെന്നിത്തല

തിരുവനന്തപുരം | സംസ്ഥാനത്ത് കേസ് അന്വേഷണങ്ങളില്‍ നിന്ന് സി ബി ഐയെ വിലക്കണമെന്ന് സര്‍ക്കാറിനോട് സി പി എം ആവശ്യപ്പെട്ടതിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി മുഴുവന്‍ മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടും കൂടി നടന്നതാണ്.


 ഈ വിഷയത്തില്‍ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ് ഇപ്പോള്‍ സി ബി ഐയെ വിലക്കാന്‍ നീക്കം നടക്കുന്നത്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പായതോടെ എല്‍ ഡി എഫ് നേതാക്കളുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


അഴിമതിക്കേസുകള്‍ അന്വേഷിക്കണ്ട എന്ന നിലപാട് സി പി എം എടുത്തിരിക്കുന്നത് ആത്മഹത്യാപരമാണ്. ഇത് ജനങ്ങള്‍ക്ക് ദഹിക്കാത്ത കാര്യമാണ്. ഈ നടപടിക്കെതിരെ ജനങ്ങള്‍ രംഗത്തു വരും. മറ്റ് സംസ്ഥാനങ്ങളില്‍ സി ബി ഐയെ വിലക്കിയിട്ടുണ്ടല്ലോ എന്നാണ് എല്‍ ഡി എഫ് നേതാക്കള്‍ ചോദിക്കുന്നത്. രാഷ്ട്രീയ പകപോക്കലോടെയുള്ള കേസുകളെ സംബന്ധിച്ചാണ് അത്. 


കേരളത്തിലേത് അഴിമതിയുമായി ബന്ധപ്പെട്ട കേസാണ്. മാത്രമല്ല, കേരളത്തിലെ മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളെല്ലാം സി ബി ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെ മുഖ്യമന്ത്രി കത്തെഴുതിയതിന്റെ വെളിച്ചത്തിലാണ് ഇ ഡി, കസ്റ്റംസ്, സി ബി ഐ എന്നിവര്‍ വിവിധ തലങ്ങളില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.


മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പോകുന്നു എന്ന് വരുമ്ബോഴാണ് സി പി എമ്മിന് ഹാലിളകിയിരിക്കുന്നത്. സി പി എമ്മിന്റെ ആജ്ഞകള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന സി പി ഐ അതിനെ പിന്തുണക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക