Image

വൈദികര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു; മെത്രാന്മാരുമായി നടത്തിയ ചര്‍ച്ചയില്‍

Published on 20 July, 2019
വൈദികര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു; മെത്രാന്മാരുമായി നടത്തിയ ചര്‍ച്ചയില്‍
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഒരു വിഭാഗം വൈദികര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. സ്ഥിരം സിനഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പുലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉപവാസവും പ്രാര്‍ഥനയും താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതെന്ന് വൈദികര്‍ പറഞ്ഞു.

സമരം ആരംഭിച്ച അന്നുതന്നെ വിഷയം പരിഹരിക്കാന്‍ സ്ഥിരം സിനഡില്‍നിന്ന് ഇടപെടലുണ്ടായെന്ന് ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ മാധ്യമങ്ങളോടു പറഞ്ഞു.

സ്ഥിരം സിനഡിലെ പിതാക്കന്മാരും മൗണ്ട് സെന്റ് തോമസിലെ പ്രതിനിധികളും അതിരൂപതയിലെ 451 വൈദികര്‍ക്കു വേണ്ടി ഒമ്പത് വൈദികപ്രതിനിധികളുമാണ് വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. അഞ്ചരമണിക്കൂര്‍ ചര്‍ച്ച നീണ്ടുനിന്നു. അതിരൂപതയിലെ വിശ്വാസികള്‍ക്കും വൈദികര്‍ക്കും പറയാനുള്ള മുഴുവന്‍ കാര്യങ്ങളും സിനഡിനെ ബോധ്യപ്പെടുത്തി.

വൈദികര്‍ ഉന്നയിച്ച് അഞ്ച് ആവശ്യങ്ങളില്‍ നാലെണ്ണത്തിനും സിനഡില്‍നിന്ന് ഉറപ്പുലഭിച്ചു. അധ്യക്ഷ പദവിയില്‍നിന്ന് മാര്‍ ആലഞ്ചേരിയെ മാറ്റുന്ന കാര്യം സിനഡ് ചേരുമ്പോള്‍ പരിഗണിക്കും. വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട് വൈദികരെ വേട്ടയാടുന്ന നടപടിക്ക് കൂട്ടുനില്‍ക്കില്ല, സസ്പെന്‍ഷനിലുള്ള സഹായ മെത്രാന്മാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ വത്തിക്കാന്റെ നിലപാട് പരിഗണിച്ച് തീരുമാനമെടുക്കും തുടങ്ങിയ ഉറപ്പുകളാണ് വൈദികര്‍ക്ക് ലഭിച്ചിട്ടുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക