Image

കൃഷ്ണ പക്ഷം (കഥ: ജയശ്രീ രാജേഷ്)

Published on 17 July, 2019
കൃഷ്ണ പക്ഷം (കഥ: ജയശ്രീ രാജേഷ്)
ചാലിക്കര ഗ്രാമവാസികളെ പതിവുപോലെ ഭട്ടിക്കായലിനപ്പുറം പൂലേരി അമ്പലത്തില്‍ നിന്നും ഒഴുകിയെത്തുന്ന സുബ്ബലക്ഷമിയുടെ  സുപ്രഭാതം  തൊട്ടുണര്‍ത്തി . അബ്ദുള്ളക്കുട്ടി തന്റെ പതിവ് നിസ്കാരത്തിനു കട്ടില്‍ വിട്ടെഴുന്നേറ്റ് താഴെ വീണു കിടക്കുന്ന തന്റെ മൊബൈല്‍ കൈയിലെടുത്തു പുറത്തിറങ്ങി . പുലര്‍ച്ചക്കെപ്പോഴോ ഉറങ്ങിപോയപ്പോള്‍ കൈയ്യില്‍ നിന്നും വീണ് പോയതാണ് ശരീരത്തിലെ മറ്റൊരു  അവയവമായി അബ്ദുള്ളക്കുട്ടി കൊണ്ട് നടക്കുന്ന ആ മൊബൈല്‍ . നേര്‍ത്ത  ചാറ്റല്‍ മഴയുടെ അകമ്പടിയോടെ നേരം വെളുത്തു തുടങ്ങിയതും സ്ഥിരം പറ്റുകാരായ ആളുകള്‍  മാധവേട്ടന്റെ ചായക്കടയില്‍ തണുപ്പകറ്റാന്‍ കിട്ടിയ സ്ഥലങ്ങളില്‍ ഒതുങ്ങി കൂടിയിരിക്കാന്‍ എത്തി തുടങ്ങിയിരിക്കുന്നു . കല്ലടുപ്പില്‍ ഉയരുന്ന നാടന്‍പുട്ടിന്റെ ഗന്ധം നുകര്‍ന്ന് പ്രഭാത ചര്‍ച്ചകള്‍ ക്കായി ഒരുങ്ങുന്ന ചായകട . പരിഷ്കാരം ഗ്രാമത്തെ ഗ്രസിക്കാന്‍ തുടങ്ങിയെങ്കിലും മാധവേട്ടന്റ ചായക്കടക്കും അവിടുത്തെ പറ്റുകാര്‍ക്കും അപ്പോഴും ഒരു മാറ്റവുമില്ല .

നിസ്കാരം കഴിഞ്ഞെത്തിയ അബ്ദുള്ളക്കുട്ടി മൊബൈല്‍ കൈയിലെടുത്തു .മെസേജുകളുടെ പ്രളയം.  വാട്‌സ് ആപ്പ് തൊഴിലാളികള്‍ക്ക് മാത്രം ഉറക്കമോ ലീവോ ഇല്ലല്ലോ.  സംഘടനയില്ലാത്തോണ്ട് അവര്‍ക്കായി ശബ്ദിക്കാനും ആരുമില്ല .  അബ്ദുള്ളക്കുട്ടിയുടെ ഉറക്കച്ചടവുള്ള കണ്ണില്‍ ആദ്യത്തെ സന്ദേശം ഉടക്കി.

"കാണ്മാനില്ല .... കൃഷ്ണന്‍ ടി. പി , തേവര്‍പറമ്പില്‍  വീട്ടില്‍ , ഒതളൂര്‍ ,  പാലക്കാട് ജില്ല" .

"ഇതു നമ്മുടെ കൃഷ്ണന്‍ അല്ലെ? അവനെ മിനിഞ്ഞാന്നു കൂടി  ആ കോക്കാട് ബസ് സ്‌റ്റോപ്പില്‍ കുടിച്ചു പകുതി ബോധത്തോടെ ഇരിക്കുന്നത് ഞാന്‍ കണ്ടതാണല്ലോ ....ഇവന്‍ ഇതെവിടെ പോയി പിന്നെ !!!"    എന്ന ആത്മഗതത്തോടൊപ്പം തന്നെ അബ്ദുള്ളക്കുട്ടിയിലെ പൗരബോധം ഉണര്‍ന്നു . ആദ്യ മെസ്സേജ് പാഞ്ഞു മാധവേട്ടന് തന്നെ .  ചുരുങ്ങിയത് ഒരു 20 ഗ്രൂപ്പിലും ബാക്കി വിരലിലെണ്ണാന്‍  പറ്റുന്നതിലും കൂടുതല്‍ സുഹൃത്തുക്കള്‍ക്കും കൂടി ഫോര്‍വേഡ് ചെയ്തു കഴിഞ്ഞപ്പോള്‍ ഉണര്‍ന്നിരുന്ന പൗരബോധം ഇത്തിരി ശമിച്ചു . അടുത്തതെന്തെന്ന അന്വേഷണത്തില്‍  അടുത്ത വാട്‌സാപ്പ് മെസ്സേജുകളിലേക്കു വീണ്ടും ഊളിയിട്ടു അയാള്‍.

കൃഷ്ണന്‍ ...ഒറ്റത്തടി .വയസ്സ് 45 , എണ്ണക്കറുപ്പന്‍ , കാരിരുമ്പന്‍ എന്ന വിശേഷണമൊക്കെ ചേര്‍ന്നിരുന്ന ഒരു അധ്വാന ശീലന്‍ ആയിരുന്നു.   ഗ്രാമത്തിലെ പേരെടുത്ത മരം കയറ്റക്കാരന്‍ . തേങ്ങയിടാനും കവുങ്ങില്‍ കയറി അടക്ക പറിക്കാനും കൃഷ്ണനെ കഴിഞ്ഞേ ഉള്ളു ആ നാട്ടില്‍ വേറെ ആരും  . ഒരു ട്രിപ്പീസ് കളിക്കാരന്റെ മെയ് വഴക്കത്തോടെ കൃഷ്ണന്‍ തോട്ടങ്ങളില്‍ കവുങ്ങില്‍ നിന്നു കവുങ്ങിലേക്കു അടക്ക പറിക്കാന്‍  പകര്‍ന്നാടിയിരുന്നത് കാണുന്നത് ഗ്രാമത്തിലെ കുട്ടികളുടെ ഹരമായിരുന്നു . ആര്‍ക്കും അറിഞ്ഞു കൊണ്ട് ഒരുപദ്രവത്തിനും നില്‍ക്കാത്ത ഒരു  സാധു മനുഷ്യന്‍ . അതുകൊണ്ടും , അവന്റെ അധ്വാന ശീലം കൊണ്ടും ഗ്രാമത്തില്‍ എല്ലാര്‍ക്കും പ്രിയ മേറിയവനായിരുന്നു അവന്‍.

കൃഷ്ണന് പത്ത്  വയസ്സുള്ളപ്പോഴാണ് അവന്റെ അച്ഛന്‍ ഒരപകടത്തില്‍ പെട്ട് മരിക്കുന്നത് .  അച്ഛനും മരം കയറ്റക്കാരന്‍ ആയിരുന്നു,  അബ്ദുവിന്റെ തോട്ടത്തിലെ തേങ്ങയിടല്‍ കഴിഞ്ഞ്  തോട്ടത്തിലെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് കുളത്തില്‍ വീണുകിടക്കുന്ന ഉണക്ക തേങ്ങകള്‍ കണ്ടത് .  മുകളിലേക്ക് നോക്കിയപ്പോള്‍ കുളത്തിനു വക്കത്തെ തെങ്ങില്‍ നിറയെ വീഴാറായി നില്‍ക്കുന്ന ഉണക്ക തേങ്ങകളും പട്ടയും, ഏതായാലും അതുകൂടി ഒന്ന് വൃത്തിയാക്കാം എന്ന് കരുതി പാതി കഴുകിയ മേനിയോടെ തെങ്ങില്‍ കയറിയതാണ്.  ഏതോ ഒരു നിമിഷത്തെ അശ്രദ്ധ, തെങ്ങിന്റെ കൊരട്ടിലേക്ക് കയറാന്‍  പിടിച്ചത് അടര്‍ന്നു വീഴാറായ  പുറം പട്ട . പിന്നെ ഒന്നും  ഓര്‍മ്മയില്ല, കുളത്തിലെ കല്ലില്‍ തലയിടിച്ച് വീണതാണെന്നു ആളുകള്‍ പറയുന്നത് കൃഷ്ണന്‍ തേങ്ങലോടെ അമ്മയെ അടക്കംചുറ്റി നിന്ന് കേട്ടു .

അച്ഛന്‍ നഷ്ടപ്പെട്ട കൃഷ്ണന്റെ തോളിലായി പിന്നീട് കുടുംബത്തിന്റെ ബാധ്യത.  കിട്ടുന്നതെല്ലാം അമ്മയും 3 പെങ്ങന്മാരും ഉള്ള കുടുംബത്തിന് വേണ്ടി ചിലവാക്കും . രണ്ടു പെങ്ങമ്മാരെ  കെട്ടിച്ചു വിട്ടു കഴിഞ്ഞപ്പോഴേക്കും സ്വന്തം ജീവിതം  കൈയ്യെത്തിപ്പിടിക്കാന്‍ പറ്റാത്ത അത്രേം ദൂരത്തേക്ക്   കടന്നുപോയത് അറിഞ്ഞപ്പോഴും ഒരു പരിഭവവും ഇല്ലാതെ  കഷ്ടപെടാന്‍ തയ്യാറായവന്‍ .  ഇടക്കു തമാശയായിട്ടാണെങ്കിലും പണിക്ക് പോകുന്നിടത്തെ കുട്ടികളോട് പറഞ്ഞു ചിരിക്കാറുണ്ട് .  " എന്റെ കല്യാണത്തിന് 101 സൈക്കിളിലാണ് ചെക്കന്റെ പാര്‍ട്ടിക്കാര്‍ പോവുക. . അണിഞ്ഞൊരുങ്ങി വരനായി സൈക്കിളില്‍ തന്നെ ഞാനും പോകും" എന്നൊക്കെ പറഞ്ഞു ചിരിക്കുമ്പോള്‍ ആ കണ്ണിലേ ചിരിയില്‍ നനവ് പടര്‍ന്നിരുന്നത് ആരും കാണാന്‍ ശ്രമിച്ചിരുന്നില്ല .

ജീവിതം കൈപ്പിടിയില്‍ നിന്നു ചോര്‍ന്നു പോകുന്നു എന്ന തോന്നല്‍ ഉണ്ടായപ്പോഴോ മറ്റോ ആണ് കൂട്ടുകാരന്‍ വേലായുധനൊപ്പം കള്ളിന്റെ രുചി അറിഞ്ഞത് .  ആദ്യം ഒരു നേരമ്പോക്ക് മാത്രമായിരുന്ന കുടി പിന്നീട് അതില്‍ നിന്നൊരു മോചനമില്ലാതായി . സ്വന്തമാണെങ്കിലും കിട്ടികൊണ്ടിരിക്കുമ്പോള്‍ മാത്രമേ ബന്ധങ്ങളും ഉള്ളു എന്നു  പലതവണ  തെളിയിച്ചിട്ടുള്ള ഒരു കാലഘട്ടമായത് കൊണ്ടാകാം കൃഷ്ണന് വേണ്ടി ചെലവാക്കാന്‍ ആര്‍ക്കും സമയമില്ലാതായിരുന്നു .  കൃഷ്ണന്റെ വരുമാനം കുറയുന്നതിനേക്കാള്‍ വേഗത്തില്‍ അയാളുടെ ബന്ധങ്ങളും സൗഹൃദങ്ങളും അവനില്‍ നിന്നകന്നു .  വളരെ പെട്ടന്നായിരുന്നു കിട്ടുന്നതെല്ലാം കള്ളുഷാപ്പിലേക്ക്  ഒഴുകിതുടങ്ങിയതും വീണിടം  വിഷ്ണുലോകം എന്ന അവസ്ഥയിലേക്കുമുള്ള കൃഷ്ണന്റെ മാറ്റം .  അതു കൊണ്ടു തന്നെ ഫോര്‍വേഡ് തൊഴിലാളികളായി  തള്ളി വിടാന്‍ മാത്രം പ്രധാന്യമേ ഗ്രാമവാസികള്‍ രണ്ടു ദിവസമായുള്ള കൃഷ്ണന്റെ തിരോധാനത്തിന് പ്രാധാന്യം  കൊടുത്തുള്ളൂ .

ചെവിയില്‍ തുളച്ചു കയറുന്ന ചീവീടിന്റെ ശബ്ദം കേട്ട് ഒടിഞ്ഞു തൂങ്ങി കിടന്നിരുന്ന കഴുത്തൊന്നു നേരെയാക്കാന്‍ ഒരു പാഴ്ശ്രമത്തോടെ  കണ്ണുകള്‍ വലിച്ചു തുറന്നു മുകളിലേക്ക് നോക്കിയ കൃഷ്ണന്റെ മുഖത്ത് ചാറ്റല്‍മഴ പാറി . കുടിച്ച കള്ളിന്റെ കെട്ടിറങ്ങിയിരുന്നു അപ്പോഴേക്കും . മേലാസകാലം വേദന , താനെങ്ങനെ ഇതില്‍ വന്നു പെട്ടു കൃഷ്ണന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു  തല യൊന്നു കുടഞ്ഞു . അപ്പോഴേക്കും മഴയില്‍ കുതിര്‍ന്നു ഇടിഞ്ഞു പൊളിഞ്ഞു വീഴാനായി നില്‍ക്കുന്ന പൊട്ടകിണറിന്റെ വല്ലത്തില്‍ ചവിട്ടിയിരുന്ന ഭാഗം അടര്‍ന്നു വീഴാന്‍ തുടങ്ങിയിരുന്നു . ആശ്രയത്തിനായി ചുറ്റിപിടിച്ച ചെറു പാറകകൊമ്പ് ഇടിഞ്ഞു   താഴോട്ട് വീണു പോകുന്ന കൃഷ്ണനില്‍ നിന്നുയര്‍ന്ന അവസാന ആര്‍ത്തനാദം ആ പൊട്ടകിണറില്‍ പ്രതിധ്വനിച്ചതിനു മേല്‍ പൊട്ടിയടര്‍ന്ന പോലൊരു ഇടി മുഴക്കി വിങ്ങി പൊട്ടി നിന്ന മാനം ആര്‍ത്തലച്ചു പെയ്തിറങ്ങി . അതിലവന്റെ കരച്ചില്‍ നേര്‍ത്തലിഞ്ഞില്ലാതായി .

       ഗ്രാമം വാര്‍ത്തകള്‍ മെനഞ്ഞും വാര്‍ത്തകള്‍ക്ക് ലഹരി പകര്‍ന്നും സ്വപ്ന  ലോകത്തില്‍ മുഴുകുമ്പോള്‍ ഒരിക്കല്‍ ഗ്രാമവാസികളുടെ കണ്ണിലുണ്ണിയായ കൃഷ്ണന്‍ രണ്ടുദിവസമായി ആരാലും ശ്രദ്ധിക്കപ്പെടാതെ , ആരുമറിയാതെ  ആ പൊട്ടക്കിണറ്റില്‍ അവസാന ശ്വാസത്തിന് പിടയുകയായിരുന്നു .

അപ്പോഴും  ഗ്രാമവാസികള്‍ ചൂട് ചായയും  കുടിച്ച് മഴയും ആസ്വദിച്ച് വാട്‌സപ്പ് മെസ്സേജ് ഫോര്‍വേഡ് ചെയ്യുന്ന തിരക്കില്‍ ആയിരുന്നു...
"കാണ്മാനില്ല .... കൃഷ്ണന്‍ , 5 അടി 4 ഇഞ്ചു പൊക്കം ..കറുത്ത നിറം ..........."

            

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക