Image

ഇന്നെന്തേ അമ്മയെ കാണുന്നില്ല (കവിത- രത്‌നാകരന്‍ എം ടി)

രത്‌നാകരന്‍ എം ടി Published on 22 May, 2019
ഇന്നെന്തേ അമ്മയെ കാണുന്നില്ല (കവിത- രത്‌നാകരന്‍ എം ടി)
നേരം ഇരുട്ടുന്നേ മാനം കറുക്കുന്നേ
ഇന്നന്തേ എന്നമ്മേനെ കാണുന്നില്ല

കള്ളക്കക്കറുക്കടമാസം പഞ്ഞ മാസം
വറുതിയൊഴിയാത്ത കള്ളമാസം
അഞ്ചാറ് പള്ളയ്ക്ക് പട്ടിണിമാറ്റാന്‍ 
ഏഴാം പുലര്‍ച്ചക്ക് പോയതാണേ

നേരം ഇരുട്ടുന്നേ മാനം കറുക്കുന്നേ
ഇന്നന്തേ എന്നമ്മേനെ കാണുന്നില്ല

ഒരു കയ്യില്‍ കുടയും മറുകയ്യില്‍ സഞ്ചിയും
തോരാത്ത മഴയത്തും വരുന്നോരമ്മ
ഇന്നെന്തേ ഇരുട്ടിയിട്ടും എത്താത്തെ
നെഞ്ചു പിടക്കുന്നു ഇടിനാദം മുഴങ്ങുന്നു 
എന്നിട്ടും അമ്മേനെ കാണുന്നില്ല.

നേരം ഇരുട്ടുന്നേ മാനം കറുക്കുന്നേ
ഇന്നന്തേ എന്നമ്മേനെ കാണുന്നില്ല

ദൂരേന്നും കേള്‍ക്കാറുള്ളൊരൊച്ച
മക്കളേ എന്നുള്ളൊരു വിളിയൊച്ച 
അമ്മ വന്നുട്ടോ ഇനിയങ്ങു വെക്കാലോ
ചോറും കറികളും രണ്ടടുപ്പിലായ്
എന്നും പറഞ്ഞു വരുന്നോരമ്മ 

ഇന്നെന്തേ ഇരുട്ടിയിട്ടും എത്തിയില്ല
നേരം ഇരുട്ടുന്നല്ലോ മാനം കറുക്കുന്നല്ലോ
ഇന്നെന്തേ ഇരുട്ടിയിട്ടും എത്തിയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക