Image

റെക്കാര്‍ഡിട്ടു മദ്യവില്‍പന പ്രളയമാസത്തില്‍! (കിഞ്ചന വര്‍ത്തമാനം-1 ജോര്‍ജ് നെടുവേലില്‍ (ഫ്‌ളോറിഡ)

Published on 18 May, 2019
റെക്കാര്‍ഡിട്ടു മദ്യവില്‍പന പ്രളയമാസത്തില്‍! (കിഞ്ചന വര്‍ത്തമാനം-1 ജോര്‍ജ് നെടുവേലില്‍ (ഫ്‌ളോറിഡ)
ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് മലയാള മനോരമയില്‍ വന്ന വാര്‍ത്തയാണ്. മദ്യവും പ്രളയവും റെക്കാര്‍ഡുമാണെങ്കില്‍ സംശയത്തിന് ലേശംപോലും അവകാശമില്ല! ചത്തത് കീചകനെങ്കില്‍ കൊന്നത്എന്നുപറഞ്ഞതുപോലെ. മേല്പറഞ്ഞവയെല്ലാം കേരളത്തനിമയില്‍മാത്രമെ ഒന്നിച്ചുകാണാന്‍ കഴിയൂ! പോയവര്‍ഷം ആഗസ്റ്റ്മാസത്തില്‍ മലയാളികള്‍ വയറുനിറച്ചു് പ്രളയമാഘോഷിച്ചു. മൂച്ചുകൂട്ടാന്‍ മൂക്കറ്റം മദ്യവും വയറ്റിലാക്കി.

എന്തിനേയും ഏതിനേയുംപ്രണയമായാലും, പ്രളയമായാലും, പട്ടിണിയായാലും, പണിമുടക്കായാലും, ഒന്നുപോലെ ആഘോഷിക്കാന്‍ മലയാളിക്കുള്ള ഊര് അപാരതരമെന്നു പറയണം. മദ്യത്തിന്‍റ്റെ അകമ്പടിഉണ്ടായിരിക്കണമെന്നുമാത്രം.

അമ്പോ! മഹിമാവിതീശ്വരകേരളമേ,

വന്‍പ്രളയക്കെടുതിയിലും ദേശസ്‌നേഹം! (വള്ളത്തോളിനെ സ്മരിക്കുന്നു)

പ്രളയദുരന്തത്തിലും, മലയാളമക്കള്‍ മദ്യത്തില്‍ മുങ്ങിയത് ദേശത്തിന്‍റ്റെ കാലിയായ ഖജനാവിനെ കരകയറ്റാനുള്ള ആഗ്രഹം ഒന്നുകൊണ്ടുമാത്രമല്ലേ?

മലയാളിയുടെ ദേശസ്‌നേഹം അപാരതമം എന്നു പറയാതെ വയ്യ!   

 മദ്യവില്പനശാലക്കുമുന്നില്‍ മലയാളി പ്രകടിപ്പിക്കുന്ന അച്ചടക്കവും, സഹകരണവും, ത്യാഗവും സായിപ്പിന്‍റ്റെ പ്രശംസ പിടിച്ചുപറ്റിയതായി പറഞ്ഞു കേട്ടിട്ടുണ്ട്. പ്രകൃതിയുടെ വികൃതികളെയും, മനുഷ്യന്‍റ്റെ മണ്ടത്തരങ്ങളെയും ആഘോഷിക്കുന്ന മലയാളിത്തനിമയെ നവയുഗത്തിന്‍റ്റെ കേരളാ മോഡലായി മറുനാട്ടുകാര്‍ മാനിക്കാന്‍ മടിക്കുമെന്നു തോന്നുന്നില്ല! മലയാളിയുടെ ആയുസ്സിന്‍റ്റെ രഹസ്യവും ഈ ആഘോഷങ്ങളില്‍ അടിസ്ഥിതമാണെന്ന് വിളിച്ചുപറയുന്നതില്‍ വിയര്‍ക്കേണ്ടതില്ല!

പ്രളയമാസത്തിന്റ്‌റെ പ്രത്യേകത എടുത്തു കാണിക്കാന്‍ ചില സ്ഥിതിവിവരക്കണക്കുകളും പുറപ്പെടുവിച്ചിട്ടുണ്ട്. കടന്നുപോയ സാമ്പത്തിക വര്‍ഷത്തെ മൊത്തം മദ്യവില്‍പനവരുമാനമായ 14508 കോടിയില്‍ 1264 കോടി പ്രളയമാസത്തിന്റ്‌റെ പേരിലായിരുന്നു. സംസ്ഥാനത്തിന്‍റ്റെ വര്‍ഷികനികുതി വരുമാനത്തിന്‍റ്റെ 23% നേടിക്കൊടുത്തത് മദ്യവിപണിയായിരുന്നു. അടഞ്ഞുകിടന്നിരുന്ന മദ്യശാലകളുടെ നഷത്രപദവിയില്‍ മാറ്റംവരുത്തി തുറന്നതുകൊണ്ടാണ് മദ്യവില്‍പന കുതിച്ചുയര്‍ന്നതെന്നാണ് മനോരമയുടേ മനോഗതം. മദ്യനിരോധിത മലയാളത്തിലെ മഹാപ്രളയം, മറ്റൊരു ദുരന്തത്തിനുകൂടി സാക്ഷിയാകുമായിരുന്നു. മനോരമലേഖകന്‍ മാവേലിനാടിന്‍ സംസ്ക്കാരം മറന്നുപോയെന്നോ? 

മദ്യമില്ലാത്ത എന്താഘോഷമാണ് മലയാളിക്കുള്ളത്. ഓണമാകട്ടെ, പള്ളിപ്പെരുന്നാളാകട്ടെ, പ്രളയമാകട്ടെ അവിടെയെല്ലാം, മദ്യപ്രളയം അച്ചട്ടാണ്.. മനോരമ ലേഖകന്‍ മറന്നുപോയ മറ്റൊരു കാര്യമുണ്ട്. ആശുപത്രികളിലെ പ്രസവവാര്‍ഡുകളില്‍, ഏപ്രില്‍/മേയ് മാസങ്ങളില്‍ ജലപ്രളയം സൃഷ്ട്ടിച്ചുവിട്ട പ്രസവപ്രളയം. പ്രകൃതി ക്ഷോഭിക്കുമ്പോള്‍ മനുഷ്യന്‍ തണുക്കുമെന്നു പറയാറുണ്ട്. ദുരന്തങ്ങളില്‍ പെട്ടുപോകുമ്പോള്‍, പ്രണയ ദീപങ്ങള്‍ അണച്ചുമേവുന്ന പ്രണയിനികള്‍ ആ ദീപങ്ങളെ ഊതി തെളിക്കാറുണ്ട്!

കണക്കിന് കാത്തിരിക്കുകയായിരിക്കും, മനോരമ. കണക്കു കൈയ്യില്‍ കിട്ടിയാല്‍ കാര്യങ്ങള്‍ മധുരമനോഹരമായി അവതരിപ്പിക്കും! നമുക്ക് കാത്തിരിക്കാം!

അടുത്ത കിഞ്ചന വര്‍ത്തമാനം അടുത്തുതന്നെ പ്രതീക്ഷിപ്പിന്‍!

മലയാളിത്തനിമയുടെ പ്രത്യേകം എടുത്തുപറയേണ്ട മറ്റൊരു ഗുണവിശേഷമാണ് രാഷ്ട്രീയക്കണ്ണ്. മറിഞ്ഞുവീണുമരിച്ചാലും, മരത്തില്‍നിന്നും വീണുമരിച്ചാലും, മച്ചില്‍ത്തൂങ്ങിമരിച്ചാലും രാഷ്ട്രീയക്കണ്ണിലൂടെമാത്രമേ മലയാളിക്കതിനെ കാണാനാവൂ. നെയ്യാറ്റിങ്കരയില്‍ അമ്മയും മോളും സ്വയം ജീവനെടുത്തപ്പൊള്‍ അക്കാര്യം വ്യക്തമായി. ചിലര്‍ പിണറായിസര്‍ക്കാരിനെ പഴിച്ചു. മറ്റുചിലര്‍ മോഡിയെ കുറ്റക്കാരനാക്കി. ഇനിയും ചിലര്‍ക്ക് ഗതകാല കോണ്‍ഗ്രസ് ഭരണത്തിലെ പിഴവാണ് സംഭവത്തിനു കാരണം.      

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക